ഭാഷയുടെ സര്‍വ്വതോമുഖമായ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സാംസ്ക്കാരിക സ്ഥാപനമാണ് കേരളാ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. ആധുനിക ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ മികച്ച ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നതാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ മുഖ്യലക്ഷ്യം. ഇതോടൊപ്പം മലയാള ഭാഷയെയും സാഹിത്യത്തെയും സംബന്ധിക്കുന്ന ആധികാരികമായ നിലപാടുകളും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്വീകരിച്ചിട്ടുണ്ട്. മലയാള ഭാഷയുടെ ഇന്നത്തെ അവ്യവസ്ഥ മാറ്റി ഭാഷയ്ക്ക് ഒരു വ്യവസ്ഥാപിത പദ്ധതി -അക്ഷരമാല മുതല്‍- ആവിഷ്ക്കരിച്ചതും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ്. മലയാളത്തനിമ എന്ന പദ്ധതി വഴിയാണ് ഈ ലക്ഷ്യം ഇന്‍സ്റ്റിറ്റ്യൂട്ട് സാക്ഷാല്‍ക്കരിച്ചത്. ഇന്ത്യയിലെ വ്യത്യസ്ത ഭാഷകള്‍ സാംസ്ക്കാരികവും വൈജ്ഞാനികവുമായ പരസ്പര വിനിമയം വര്‍ദ്ധിപ്പിക്കുന്നതിനായി തര്‍ജമ ക്യാന്പുകള്‍, സെമിനാറുകള്‍, വൈജ്ഞാനിക സംവാദങ്ങള്‍ തുടങ്ങിയവ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ചു വരുന്നു. മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ സംഭാവന നിസ്തുലമാണ്. കംന്പ്യൂട്ടര്‍ ഭാഷയ്ക്കനുസൃതമായി മലയാള ലിപി പരിഷ്കരിക്കുന്നതിനും വിവര സാങ്കേതിക വിദ്യയും ജൈവ സാങ്കേതിക വിദ്യയും കൈവരിക്കുന്ന നേട്ടങ്ങള്‍ അപ്പപ്പോള്‍ സാധാരണ മലയാളിയുടെ ചിന്താമണ്ഡലങ്ങളില്‍ എത്തിക്കുന്നതിലും ഇന്‍സ്റ്റിറ്റ്യൂട്ട് ശ്രദ്ധ പുലര്‍ത്തിപോരുന്നു. ചുരുക്കത്തില്‍ വൈജ്ഞാനിക സാഹിത്യ ശാഖയെ സന്പന്നമാക്കുന്നതിലും മലയാളിയുടെ സ്വത്വാവബോധത്തിന്‍റെ അതിരുകളെ സാര്‍വദേശീയ മാനത്തിലേയ്ക്ക് വികസിപ്പിക്കുന്നതിലും ആനുകാലിക വിജ്ഞാന വിതരണത്തിനുള്ള മാധ്യമം എന്ന നിലയിലും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ സംഭാവനകള്‍ വൈജ്ഞാനിക ചരിത്രത്തിലെ നാഴികക്കല്ലുകളാണ്.
 


 
  © Copyright 2004, State Institute of Languages, Government of Kerala
Designed and Maintained by C-DIT , www.cdit.org  
BEST VIEW 1024 x 768