Skip to main content

കേന്ദ്രസര്‍ക്കാര്‍ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡോ. അംബേദ്കര്‍ ഫൌണ്ടേഷന്റെ സഹകരണത്തോടെ ഇന്ത്യൻ ഭരണഘടനാ ശിൽപ്പി ഡോ. ബി.ആര്‍. അംബേദ്കറുടെ സമ്പൂര്‍ണ്ണകൃതികൾ മലയാളത്തിൽ പ്രസിദ്ധപ്പെടുത്തുന്നത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ്. 1997-ൽ ആരംഭിച്ച ഈ പ്രസാധനപദ്ധതി 2013 ൽ 40 വാല്യങ്ങൾ പ്രസിദ്ധപ്പെടുത്തിയതോടെ മലയാളത്തിൽ പൂര്‍ത്തിയാക്കി. ഇന്ത്യൻ ഭാഷകളിൽ മലയാളത്തിലാണ് ഡോ.ബി.ആര്‍. അംബേദ്കറുടെ സമ്പൂര്‍ണ്ണകൃതികൾ ഇത്രയും വാല്യങ്ങളിൽ ആദ്യമായി പ്രസിദ്ധപ്പെടുത്തുന്നത്. ഡോ.ബി.ആര്‍. അംബേദ്കറുടെ സമ്പൂര്‍ണ്ണകൃതികൾ രാഷ്ട്രഭാഷയായ ഹിന്ദിയിലും ഇതര പ്രാദേശിക ഭാഷകളിലും പ്രസിദ്ധപ്പെടുത്തുന്ന പദ്ധതി കേന്ദ്രസര്‍ക്കാരാണ് ആവിഷ്ക്കരിച്ചത്. ഇതിന്റെ ഭാഗമായി ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗ്, മറാഠി, ഗുജറാത്തി, പഞ്ചാബി, ഒഡിയ, ബംഗാളി, അസമിയ, മണിപ്പൂരി, ഭോജ്പൂരി, സന്താലി തുടങ്ങിയ ഭാഷകളിൽ ഡോ. അംബേദ്കര്‍ സമ്പൂര്‍ണ്ണകൃതികളുടെ പ്രസിദ്ധീകരണ പ്രവര്‍ത്തനങ്ങൾ തുടങ്ങി. മഹാരാഷ്ട്ര സര്‍ക്കാര്‍ ഇംഗ്ലീഷിൽ പ്രസിദ്ധപ്പെടുത്തിയ വാല്യങ്ങളാണ് വിവര്‍ത്തനം ചെയ്ത് ഹിന്ദിയിലും ഇതരപ്രാദേശിക ഭാഷകളിലും പ്രസിദ്ധപ്പെടുത്തുന്നത്. മലയാളത്തിൽ മൂന്ന് ഘട്ടങ്ങളിലായാണ് ഇത് പൂര്‍ത്തിയാക്കിയത്. ആദ്യം ഒന്നു മുതൽ 18 വരെയുള്ള വാല്യങ്ങളും 22-ാം വാല്യവും പ്രസിദ്ധപ്പെടുത്തി. 19 മുതൽ 31 വരെയുളള വാല്യങ്ങൾ രണ്ടാംഘട്ടത്തിലും 31 മുതൽ 40 വരെയുള്ള വാല്യങ്ങൾ മൂന്നാം ഘട്ടത്തിലും പ്രസിദ്ധപ്പെടുത്തിയാണ് മലയാളത്തിൽ ഈ ബൃഹത്തായ പ്രസാധന പദ്ധതി പൂര്‍ത്തിയാക്കിയത്. വിൽപ്പനയിലുള്ള വാല്യങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാറ്റലോഗ് പരിശോധിച്ച ശേഷം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റിലൂടെയും പുസ്തകങ്ങൾ ഓര്‍ഡര്‍ ചെയ്യാം.