Skip to main content

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ ജ്ഞാനസമൂഹവുമായി കൂടുതൽ ബന്ധിപ്പിച്ച് വൈജ്ഞാനികകേന്ദ്രമായി വികസിപ്പിക്കാനാവശ്യമായ കർമ്മപദ്ധതി തയാറാക്കുന്നതിനാണ്  2022 ജൂൺ 15, 16 തിയ്യതികളില്‍ (ബുധന്‍, വ്യാഴം) തിരുവനന്തപുരത്ത് വൈജ്ഞാനികസാഹിത്യ ശില്പശാല നടത്തിയിരുന്നു. അക്കാദമിക് വിദഗ്ധരും അധ്യാപകരും, ഗവേഷകരും എഴുത്തുകാരും ഉൾപ്പെടെ പങ്കെടുത്ത ശില്പശാലയിൽ വൈജ്ഞാനികസാഹിത്യ രംഗത്ത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ന്റെ ഇടപെടൽ സംബന്ധിച്ച കരട് സമീപനരേഖ അവതരിപ്പിച്ചിരുന്നു. ശില്പശാലയിൽ ഉയർന്നുവന്ന അഭിപ്രായങ്ങളുടെ കൂടി അടിസ്ഥാനത്തിൽ പരിഷ്കരിച്ച കരട് രേഖ പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അവതരിപ്പിക്കുകയാണ്

1. ആധുനിക വിജ്ഞാനത്തിന്റെ സകല മേഖലകളും കൈകാര്യം ചെയ്യാൻ മലയാളത്തെ പ്രാപ്തമാക്കുക.

2.ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ കാലത്തെ അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഏറെ മുന്നോട്ടു പോകാനായെങ്കിലും അപര്യാപ്തതകൾ ഇല്ലെന്നവകാശപ്പെടാനാവില്ല.വൈജ്ഞാനിക ശബ്ദാവലികളെ ഭാഷക്ക് പരിചയപ്പെടുത്തലും പ്രയോഗത്തിലൂടെ അതിനെ ഉറപ്പിക്കലും നിഘണ്ടു നിർമ്മാണം, വൈജ്ഞാനിക വികാസത്തെ വിവർത്തനത്തിലൂടെ ഭാഷയിൽ എത്തിക്കൽ, പാഠപുസ്തകങ്ങളുടെയും സഹായക ഗ്രന്ഥങ്ങളുടെയും നിർമ്മാണം, വിജ്ഞാനത്തെ ജനകീയവൽക്കരിക്കാനുള്ള ഇടപെടലുകൾ -അങ്ങിനെ ഇനിയും ശക്തിപ്പെടുത്തേണ്ട പ്രവർത്തനങ്ങൾ

3.വൈജ്ഞാനിക രംഗത്തെ മഹാ വിസ്‌ഫോടനങ്ങൾ അതിനെ ഒരു സാമൂഹിക ചാലക ശക്തി മാത്രമല്ല സാമ്പത്തിക ശക്തി കൂടി ആക്കി മാറ്റിയിരിക്കുന്നു. ഈ സാഹചര്യത്തിൽ അറിവിന്റെ ഉല്പാദനം, കൈമാറ്റം,ഉപയോഗം എന്നീ വിഷയങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ട്ന്റെ ഭാവി സാധ്യതകൾ, ഈ രംഗത്തെ സാധ്യതകളെ ഉപയോഗപ്പെടുത്താനുള്ള സ്ഥാപനത്തിന്റെ ശേഷി.

4.വിവരസാങ്കേതിക വിദ്യയിലുണ്ടായ വികാസത്തെ, കേരളത്തിന്റെ തന്നെ വളർച്ചക്കായി പ്രയോജനപ്പെടുത്തുന്ന ഇൻഫോർമേഷൻ കേരള മിഷൻ പോലെയുള്ള പ്രതീക്ഷാനിർഭരമായപദ്ധതികളെ പ്രയോജനപ്പെടുത്താനുള്ള മാർഗങ്ങൾ

5. അച്ചടിയിൽ നിന്ന് ഡിജിറ്റൽ സാങ്കേതിക വിദ്യയിലേക്ക് പരിവർത്തിച്ച പുസ്തകങ്ങളുടെയും വായനയുടെയും ലോകത്തെ എങ്ങിനെ അഭിമുഖീകരിക്കാം? ഇ -ബുക്കുകളുടെ കാലത്തേക്കുള്ള ഇൻസ്റ്റിറ്റ്യൂട്ട്ന്റെ പ്രയാണം

6.പുതിയ ജ്ഞാനവിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ മലയാളത്തിൽ ലഭ്യമാക്കാൻ  ഇന്ത്യയിലും പുറത്തും ഉള്ള അക്കാദമിക് വിദഗ്ധരുടെ സഹായം പ്രയോജനപ്പെടുത്താനുള്ള സാധ്യതകളും അതിനുള്ള കർമ്മപദ്ധതികളും.ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട ഓൺലൈൻ സെമിനാറുകൾ സംഘടിപ്പിക്കുന്നതിന്റെ സാധ്യതകൾ
7. സർവ്വകലാശാലാ തലത്തിലുള്ള പാഠപുസ്തകങ്ങളും സഹായകഗ്രന്ഥങ്ങളും മലയാളത്തിലും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കാര്യമായ യാതൊരു പുരോഗതിയും ഉണ്ടാകാത്ത സാഹചര്യത്തിൽ ആ മേഖലയിലെ ഇടപെടലുകൾക്ക് എങ്ങിനെ പ്രാധാന്യം നൽകാം എന്ന ആലോചന. സർവ്വകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ ഉൾപ്പെടുത്തി ഇതിനായുള്ള കാര്യനിർവ്വാഹക സംഘങ്ങൾ രൂപീകരിക്കുന്നതിന്റെ സാധ്യത.
8.പരിഭാഷകരുടെ വിപുലമായ ഒരു കൂട്ടായ്മ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്ന്റെ ആഭിമുഖ്യത്തിൽ രൂപീകരിക്കാനുള്ള സാധ്യത.
9. പ്രസാധനരംഗത്ത്‌ മാത്രം ഒതുങ്ങാതെ മറ്റ് മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കൽ.പുസ്തക പ്രസാധനത്തിൽ ഒരു സർട്ടിഫിക്കറ്റ് /ഡിപ്ലോമ കോഴ്സ് രൂപകല്പനചെയ്യാനുള്ള സാധ്യത
10.കേന്ദ്ര സാഹിത്യ അക്കാദമി, നാഷണൽ ബുക്ക്‌ ട്രസ്റ്റ്‌, സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്ന് ഏറ്റെടുക്കാൻ സാധിക്കുന്ന പദ്ധതികൾ
11. മറ്റു കാമ്പസ്സുകളുമായി -സർവ്വകലാശാലകളും കോളേജുകളും -ചേർന്ന് സെമിനാറുകൾ സംഘടിപ്പിക്കുന്നതിന്റെ സാധ്യതകൾ . അതിനായി ഒരു റിസർച് ഓഫീസർക്ക് പ്രത്യേക ചുമതല
12.പരമ്പരാഗത എഴുത്തുകാരെ മാത്രമല്ല പുതിയ എഴുത്ത്കാരെയും ആകർഷിക്കാനാവുന്ന തരത്തിലുള്ള ഇടപെടലുകൾ. അറിവിന്റെ നിർമ്മാണത്തിലേക്ക് നയിക്കുന്ന പുസ്തകങ്ങൾ എന്ന ലക്ഷ്യവും മലയാളം കമ്പ്യൂട്ടിങും.

13.അച്ചടി സാങ്കേതിക വിദ്യയിൽ വന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഔദ്യോഗിക ഭാഷാ വകുപ്പ് കൊണ്ടുവന്നിട്ടുള്ള ലിപി പരിഷ്കരണങ്ങളെ കൂടി ഉൾക്കൊണ്ടുകൊണ്ട് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റൈൽ ബുക്ക്‌ പരിഷ്കരിക്കണം.

14. സാങ്കേതിക ശബ്ദാവലിയുടെ നിർമ്മാണത്തിൽ സംസ്‌കൃത പദങ്ങളെക്കാൾ മലയാള വാക്കുകളെ തന്നെ ആശ്രയിക്കണം.അത്തരം പദങ്ങൾ ലഭ്യമല്ല എങ്കിൽ തമിഴിലും മറ്റ് ദ്രാവിഡ ഭാഷകളിലും ലഭ്യമാണോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രം ഹിന്ദി /സംസ്‌കൃത മാതൃകകൾ അന്വേഷിച്ചാൽ മതിയാകും.

15.പ്രസിദ്ധരായ വ്യക്തികളുടെ പ്രസംഗങ്ങളുടെയും മറ്റും ശബ്ദശേഖരങ്ങൾ കൂടി പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ വിതരണം ചെയ്യാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗത്തു നിന്ന് ഇടപെടലുണ്ടാവണം.

16.ഇ -ബുക്കുകൾ മാത്രമല്ല open reality books, POD മുതലായ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്താനാവണം.

17. നിഘണ്ടുക്കളും മറ്റും നിരന്തരം പുതുക്കാൻ ഉതകുന്ന ഇൻട്രാക്റ്റീവ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാക്കാനാവണം.

18. മലയാളം ശാസ്ത്ര ജേർണൽ തുടങ്ങാനാ
വണം.

19. LGBTQ വിഭാഗങ്ങളെയും ലിംഗപദവിയേയും പരിഗണനയിൽ എടുത്തുകൊണ്ടുള്ള പുതിയ പദനിർമ്മിതികൾ സാധ്യമാവണം.

20.കമ്പാനിയൻ വെബ്സൈറ്റിലൂടെ പുസ്തകങ്ങളെയും ഇൻസ്റ്റിറ്റ്യൂട്ടിന്റെ മറ്റ് പ്രവർത്തനങ്ങളെയും കൂടുതൽ മനസ്സിലാക്കാനും വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താനും അവസരമൊരുക്കണം.

21.ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻകാല പ്രസിദ്ധീകരങ്ങൾ ഡിജിറ്റലൈസ്  ചെയ്ത് പൊതുജനങ്ങൾക്ക് കൂടി ലഭ്യമാക്കുക.

22. നാനോ സയൻസ്, മെഷീൻ ലേണിങ്‌, നിർമിത ബുദ്ധി, റോബോട്ടിക്സ് എന്നീ നൂതന മേഖലകളെ പരിചയപ്പെടുത്തുന്ന മലയാളം പുസ്തകങ്ങൾ ലഭ്യമാക്കുക.

ഇമെയില്‍ : silshilpashala@gmail.com