Skip to main content

ഭാഷാപഠനം വ്യക്തിത്വവികാസത്തിന്റെ ഭാഗമാക്കണമെന്ന്  മന്ത്രി സജിചെറിയാന്‍

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികസാഹിത്യ ശില്പശാലസമാപിച്ചു.

തിരുവനന്തപുരം : ഭാഷാ പഠനം വ്യക്തിത്വവികാസത്തിന്റെ ഭാഗമാക്കണമെന്ന്  ഫിഷറീസ്-സാംസ്‌കാരിക- യുവജനകാര്യവകുപ്പുമന്ത്രി സജിചെറിയാന്‍  പറഞ്ഞു. വൈജ്ഞാനികസമൂഹത്തെ സൃഷ്ടിക്കുന്നതില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യപങ്കുവഹിക്കണമെന്ന് മന്ത്രി പറഞ്ഞു.  ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ദൗത്യം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഏറ്റെടുക്കണം. മറ്റെല്ലാ ഭാഷാ പദങ്ങളെയും സ്വീകരിക്കുന്ന ഭാഷയാണ് മലയാളം. ലളിതമായ ഭാഷ. പ്രയോഗിക്കണം. ഒരുനാട്ടിലെ ജനതയെ ഒരുമിപ്പിക്കാനുള്ള അടയാളമാണ് ഭാഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ ജ്ഞാനസമൂഹവുമായി കൂടുതൽബന്ധിപ്പിച്ച് വൈജ്ഞാനികകേന്ദ്രമാക്കി വികസിപ്പിക്കാനാവശ്യമായ കർമ്മപദ്ധതി തയാറാക്കുന്നതിനുവേണ്ടി സംഘടിപ്പിച്ചുവരുന്ന രണ്ടുദിവസത്തെ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ നടന്ന ശില്പശാലയില്‍ അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല സമീപനരേഖ അവതരിപ്പിച്ചു. കേരളസമൂഹത്തെ ജ്ഞാനസമൂഹമായി ഉയര്‍ത്തുന്നതില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രധാനപങ്കുവഹിക്കുമെന്ന് ഡയറക്ടര്‍ പറഞ്ഞു. ഭാഷയെ ജനകീയമാക്കണമെന്നും ഭാഷാവബോധം സംസ്കാരത്തിന്റെ ഭാഗമാണെന്ന് സമൂഹത്തിനെ പഠിപ്പിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡോ. ശ്രീവൃന്ദ നായര്‍ രചിച്ച് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ മനശ്ശാസ്ത്രം: സിദ്ധാന്തങ്ങളും പ്രയോഗങ്ങളും എന്ന പുസ്തകം മഹാരാജാസ് കോളെജ് മലയാളം വിഭാഗം വകുപ്പധ്യക്ഷ ഡോ. സുമിജോയി ഓലിയപ്പുറത്തിനും ശ്രീകല ചിങ്ങോലി രചിച്ച  അടയാളങ്ങള്‍ ഉള്ള വഴി എന്ന കവിതാസമാഹാരം അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എക്ക്  നല്‍കിയും മന്ത്രി പ്രാകാശനം ചെയ്തു. അസി. ഡയറക്ടര്‍ ഡോ. പ്രിയ വര്‍ഗീസ്‌ സ്വാഗതവും വിജ്ഞാനകൈരളി എഡിറ്റര്‍ ജി.ബി. ഹരീന്ദ്രനാഥ് നന്ദിയും പറഞ്ഞു. ശില്പശാലാ ഡയറക്ടര്‍ കെ.കെ. കൃഷ്ണകുമാര്‍ സംസാരിച്ചു.

സി. എം. മുരളീധരന്‍, ഡോ.ആര്‍.ശിവകുമാര്‍,  പ്രദീപ് പനങ്ങാട്, ഡോ. ടി.കെ. ആനന്ദി, കെ. കെ. ബാബുരാജ്, ഡോ. സുമിജോയ് ഓലിയപ്പുറം, ഡോ. രവിശങ്കര്‍.എസ്. നായര്‍, ഡോ. ലിജിഷ.എ.ടി, ഡോ. ജോര്‍ജ് തോമസ്‌, സീമ ശ്രീലയം, മൈന ഉമൈബാന്‍ എന്നിവര്‍ യഥാക്രമം ഭാഷാമാനകീകരണം, സംസ്‌കാരപഠനവുംലിംഗപദവീപഠനവും, ഭാഷാശാസ്ത്രം, പ്രകൃതിശാസ്ത്രം എന്നീ വിഷയമേഖലകളിലെ സെഷനുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നെത്തിയ തെരഞ്ഞെടുത്ത പ്രതിനിധികള്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചു.   

ഇന്ന് നടക്കുന്ന പ്രസിദ്ധീകരണം, സാമൂഹികശാസ്ത്രം, ഭൗതികശാസ്ത്രവും സാങ്കേതികശാസ്ത്രവും വിവര്‍ത്തനം എന്നീ സെഷനുകളില്‍ യഥാക്രമം പി.എസ്. റംഷാദ്, റിസ് വാന്‍ സി., ഷെഹനാസ്.എം. എ., ഡോ. പി. ജെ വിന്‍സെന്റ്,  ഡോ. കെ. എം. ഷീബ, അലിന്റമേരി ജാന്‍, പ്രൊഫ. കെ. പാപ്പൂട്ടി, പ്രൊഫ. ഡോ. അച്യുത്ശങ്കര്‍ എസ്. നായര്‍, ഡോ. എന്‍. ഷാജി, ഡോ. വൈശാഖന്‍ തമ്പി, ജി. ബി. ഹരീന്ദ്രനാഥ്, ഡോ.ജോര്‍ജ് ഓണക്കൂര്‍, വി. മുസഫര്‍ അഹമ്മദ്, ലക്ഷ്മി ദിനചന്ദ്രന്‍  എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.  സമാപന സമ്മേളനം ഇന്ന്  (ജൂണ്‍ 16ന് വ്യാഴാഴ്ച) വൈകുന്നേരം 5 .30ന്  നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്‌ ഉദ്ഘാടനം ചെയ്യും. ശില്പശാലാ ഡയറക്ടര്‍ കെ.കെ. കൃഷ്ണകുമാര്‍ ക്രോഡീകരണം നടത്തി സംസാരിക്കും.

1